Friday, 17 May 2013

മുഖം മിനുക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ


പൂമുഖത്ത്
ഒരു കറുത്ത നിലവിളിവന്ന്
മുഖംകാണിച്ചപ്പോൾ
കതകടച്ച് പ്രാർഥിക്കുകയായിരുന്നു.

പോർട്ടിക്കോയിലൂടെ നടന്നുപോയ
പെൺകുട്ടി
ടെറസ്സിൽ മറയുന്നതു കണ്ട്
ഫയൽ പൂട്ടി സ്തബ്ധരായി.

പകൽ ഇടിഞ്ഞുവീണിടത്ത്
ഒരുവൾ
ഇരുൾഗോപുരം പണിതുകൊണ്ടിരുന്നപ്പോൾ
കോഴി കൂവിപ്പോയെന്ന വാർത്ത
ടോയിലറ്റ് വായനയെ അസ്വസ്ഥമാക്കി.

യുവതിയുടെ ശ്രുതിനടനത്തിൽനിന്ന്
തെറിച്ചുപോയ ചുവടുകളിലാണ്
ചരിത്രമുറങ്ങുന്നതെന്ന്
സംസ്ക്കാരഭാഷ്യവും ചമച്ചു.

എന്നിട്ടും,
മാനവികതയുടെ ചരിത്രമെഴുതുന്ന
കറുത്ത കവിത
ഞങ്ങളെ പരിഹസിക്കുന്നു.

മുഖം മിനുക്കുന്ന പണിയിൽ
ഏർപ്പെട്ടിരിക്കുന്നവർ
എന്നു ഭൽസിക്കുന്നു.

രണ്ടുലോകം


ഒരേ പായയിൽ രണ്ടുലോകത്തിൽ.
ഉറങ്ങാതുണർന്ന്
ഉരുകി പിരിഞ്ഞ്
കടങ്ങളെ ശപിച്ച്
കൊതുകിനെ പഴിച്ച്
ഒട്ടൊന്നു മയങ്ങുമ്പോൾ;
ഗാന്ധിജി ദണ്ഡി കടപ്പുറത്തു നടക്കുന്നു
മാർക്സ് മാർക്കേസിനൊപ്പം
കടൽക്കാറ്റേറ്റു നടക്കുന്നു
ക്രിക്കറ്റിൽ സച്ചിൻ കൂറ്റൻ
സിക്സറു പറത്തുന്നു
ഗുലാമലിപാടുന്നു.

വാതിലിൽ മുട്ടുകേൾക്കുമ്പോൾ
കതകു തുറക്കുമ്പോൾ
വാടകക്കാരൻ മുഖം
ചോപ്പിച്ചു കൈനീട്ടുന്നു.
II
ഒരേ പായയിൽ രണ്ടുലോകത്തിൽ.
ഉറങ്ങാതുണർന്ന്
ഇടം വലം തിരിഞ്ഞ്
ദുരിതങ്ങളെ പ്രാകി
രോഗത്തെ പഴിചാരി
ഒട്ടൊന്നു മയങ്ങുമ്പോൾ:
മുറ്റത്ത് പനീർച്ചെടി
പൂവിട്ടു വിളിക്കുന്നു
പാർക്കിലെ ഊഞ്ഞാൽക്കാറ്റിൽ
കിളികൾ ചാഞ്ചാടുന്നു
ടെക്സ്റ്റൈൽസിൽനിന്നും പുത്തൻ
സാരികൾ വാങ്ങീടുന്നു
മക്കൾക്ക് പ്രിയപ്പെട്ട
ഭക്ഷണം നൽകീടുന്നു
വീടലങ്കരിക്കുന്നു.

കിച്ചണിലൊച്ച കേൾക്കുമ്പോൾ
കതകു തുറക്കുമ്പോൾ
മഴവെള്ളത്തിൽ നന-
ഞ്ഞടുപ്പ് കിടുങ്ങുന്നു.

വാക്കിന്റെ ദൂരം ; ഒരു സംവാദം


ഒരു വാക്കിനു സഞ്ചരിക്കാവുന്ന
ദൂരമായിരുന്നു
ചർച്ചാവിഷയം.
ആശയങ്ങളുടെ തീഗോളങ്ങൾക്ക് മേൽ
അടയിരുന്നു വിരിയിക്കും വരെ
വാക്കിനു ദൂരമുണ്ടെന്നു കവി.

ലോകവിസ്തൃതിയുടെ കൌതുകത്തൂവൽ
കൊഴിയുംവരെ മാത്രം
വാക്കിനു ദൂരംഎന്നു സഞ്ചാരി.

കൊക്കിലൊതുങ്ങാത്ത സൗന്ദര്യ ബോധത്തെ
കൊത്തിവിഴുങ്ങി ദഹിപ്പിക്കുംവരെയാണ്
വാക്കിന്റെ സഞ്ചാരദൂരമെന്ന്
വിമർശകൻ.

ചങ്ങാതി പറഞ്ഞത്
വാക്കിനു ഒരു സൗഹൃദത്തിന്റെ
ചിറകടി ദൂരം മാത്രമാണുള്ളതെന്നാണ്.

പതുക്കെ താഴ്ന്നും
വേഗത്തിലുയർന്നും പറക്കുന്ന
ജീവിതത്തിന്റെ ദൂരമാണ് വാക്കിനുള്ളതെന്ന്
വീട്ടമ്മ അഭിപ്രായപ്പെട്ടു.

ഒടുവിൽ,
വാക്കിനു ലോകാവസാനം വരെ
നീട്ടി വയ്ക്കപ്പെടുന്ന ദൂരമുണ്ടെന്നു
ദറിദയെ ഉദ്ധരിച്ചു
മോഡറേറ്റർ ചർച്ച ക്രോഡീകരിക്കുമ്പോൾ
ഹാളിൽ
ഒടുവിലത്തെ ശ്വാസത്തിനായി പിടയുന്ന
ചില വാക്കുകളല്ലാതെ
ആരും ഉണ്ടായിരുന്നില്ല.
......................................................................

കഠിനം


കഠിനനായിരുന്നയാൾ.

പരുഷം നോട്ടം കൊണ്ട്
വരഞ്ഞ കളങ്ങളിൽ
കരുക്കൾ നിരത്തിയും
വെട്ടിയും തിരുത്തിയും
വീടൊരു തടവറ-
യാക്കുമായിരുന്നയാൾ.

തിരക്കിലായിരുന്നയാൾ

ഭാവന,ഭാവം,സ്നേഹം
ഒക്കയും പാഴ്സൽചെയ്ത്
അട്ടത്ത് കേറ്റി തെക്ക്-
വടക്ക് കിതച്ചുകൊ-
ണ്ടോടുമായിരുന്നയാൾ.

ഇഷ്ട ദൈവത്തെ സ്തുതി -
ചെയ്തതില്ലയാൾ,ധുർത്ത -
നഗരത്തിനെ ചു-
ട്ടെരിക്കാൻ തുനിഞ്ഞില്ല
അണിമ ഗരിമാദി
സിദ്ധികൾ സിദ്ധിച്ചില്ല.

6 .40 ന്റെ എക്സ്പ്രസ് തിവണ്ടിയിൽനിന്ന്
ഇറങ്ങാത്ത ശരീരത്തെ
പോലീസുകാർ കൊണ്ടുപോയി.
പോസ്റ്റുമോർട്ടം ചെയ്ത
ഡോക്ടർ പറഞ്ഞതിങ്ങനെ :

"നെഞ്ചു കീറിയപ്പോൾ
അതിനുള്ളിൽ
ഒരമ്മയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും
ചിരിക്കുന്ന ചിത്രമുണ്ടായിരുന്നു!

ആവിഷ്ക്കാരം


കടൽ കരയിലേക്ക്
വീശിയെറിഞ്ഞു പിൻവലിക്കുന്ന
വലയുടെ തുമ്പത്ത്
നുരമുത്തുകൾ ആവിഷ്ക്കരിക്കും പോലെ
നിന്റെ പീലിക്കണ്ണുകളിൽ ആരാണ്
കടമ്പിൻ ചോലകൾ ആവിഷ്ക്കരിച്ചത്
എന്നു ചോദിച്ചുകൊണ്ട്,
അവൻ അവളുടെ കവിളിൽ
ഒരു മുത്തം ആവിഷ്ക്കരിക്കുന്നു.

പതിവുപോലെ
അണ്ടിയാപ്പീസിൽ പോകാനാവാതെ
വീടിന്റെ മൂലയിൽ
ഞണുങ്ങിയ ചോറ്റുപാത്രമായി വീഴുകയും
വാഴച്ചോട്ടിൽ ഛർദ്ദിക്കുകയും ചെയ്തവളോട്
‘ഒരുമ്പെട്ടോളേ,
കുടുമ്മത്തിനു ചീത്തപ്പേരാവിഷ്ക്കരിച്ചല്ലോടീ’
എന്ന് പെറ്റതള്ള കലിതുള്ളുന്നു.


ഞാനാരുടെയും പെണ്ണല്ലെന്ന്
പംക്തിയിൽ പൊട്ടിത്തെറിച്ചവൾ
കുളിമുറിയിൽ തളർന്നു വീഴുമ്പോൾ
‘ദൈവമേ,ഇതെന്തൊരാവിഷ്ക്കാരം’
എന്നു വിസ്മയിക്കുന്നു.

എല്ലാ എടുപ്പുകളും കീറലുകളും
തുന്നിക്കെട്ടലുകളും
ഓരോതരം ആവിഷ്ക്കാരങ്ങളാണ്.

കുളം മീനിനെയും മീൻ കുളത്തെയും
ആവിഷ്ക്കരിക്കുന്നുണ്ട്.
എഴുത്തുകാരനും കൃതിയും
പരസ്പരം ആവിഷ്ക്കരിക്കുന്നു.
ലോകത്തോട് പരിഭവിച്ച്
കെറുവിച്ചുകിടക്കുന്ന കുളത്തിലേക്ക്
വല്ലപ്പോഴുംവന്നുപോകുന്ന ചൂണ്ടക്കാരനെപ്പോലെ
നിരൂപകനും കൃതിയിൽ
ചില ആവിഷ്ക്കാരങ്ങൾ നടത്തുന്നുണ്ട്.

എല്ലാവരും എന്തെങ്കിലുമൊക്കെ ആവിഷ്ക്കരിക്കുന്നുണ്ട്.
ചിലർ സ്വയം ആവിഷ്ക്കരിക്കുന്നു.
ചിലർ മറ്റുള്ളവർക്ക് ആവിഷ്ക്കരിച്ചു കൊടുക്കുന്നു.

ലോകം ആരുടെ ആവിഷ്ക്കാരമാണെന്ന ചോദ്യം
ആരുടെ ആവിഷ്ക്കാരമാണാവോ!


ശാന്തിനികേതൻ


ടോയ്ലറ്റിലെ സ്വകാര്യതപോലെ
നിന്നെ എനിക്ക് ഇഷ്ടമാണ്.

കിണറിന്റെ ആഴവും വൃക്ഷഛായയും
ഉറിയിൽ ഉറഞ്ഞിരിക്കുന്ന ഉപ്പുനീരും പോലെ
നമ്മുടെ സ്നേഹം.

നമ്മുടെ വീട്:
എത്രസുന്ദരമുദാരം വരൂ എന്ന്
ഇറയം വിളിക്കിലും,
പഴുതിൽ താക്കോലിടുമ്പോൾ
എപ്പൊഴും സംശയം;
ഇടതോ?വലതോ?

സ്വീകരണമുറിയിലെ നാൽക്കാലികൾ
ഇല്ലാത്ത കണ്ണുകൊണ്ടു തുറിച്ചു നോക്കും.
പെട്ടിതുറക്കുമ്പോൾ ചിത്രഗീതം,
കൂൺകൃഷി,കീടനാശിനി,
പുതിയ കുളിസോപ്പ്,ഈങ്ക്വിലാബ്.

ടോയ്ലറ്റിന്റെ വാതിൽതുറന്നാൽ
യൂറോപ്പ് കാണാം.
വായനമുറിയിൽ ഫ്രാൻസും ജർമനിയിം അയൽക്കാർ
കിച്ചണിലെപ്പോഴും വിദേശികളുടെ തിരക്ക്
ഇന്ത്യയെവിടെയെന്നതാണ് ചോദ്യം.

നമ്മുടെ കിടപ്പുമുറി:
ക്രൗര്യസന്തുഷ്ടം കളിമുറ്റം
കിടപ്പുമുറിയിൽ നമുക്ക്
സിംഹവും പുലിയും കളിക്കാം
നമുക്കെങ്കിലും കഴുതപ്പുലികൾ ജനിക്കരുത്.

നമ്മുടെ അയൽക്കാർ;പാവം അപരിചിതർ
അവരുടെ കുട്ടികൾ;പേരറിയാത്തവർ
അവരുടെ കളിപ്പാട്ടംആപ്പിളും ഗണ്ണും സ്കൈലാബും
അവർ മുള്ളുന്നത്;നമ്മുടെ കിടപ്പറയിലേക്ക്.

നാമയയ്ക്കുന്ന പ്രാവ്
ഒരിലയും കൊത്താതെ മടങ്ങുന്നു.
കൈവെള്ളയിൽ പാതാളം തേടുന്ന ഭാഗ്യരേഖ
വേനൽപ്പുറത്ത് വിരുന്നുവരുന്ന പാദങ്ങൾ
സമാധിനഷ്ടമാകുന്ന നമ്മുടെ വീട്.

എങ്കിലും നമ്മൾ സ്നേഹിക്കുന്നു.
മുഖത്ത് ഉരുണ്ടുകൂടുന്ന മെഴുക്കുപോലെ
നിന്നെ ഞാൻ അറിയുന്നു.
(ഭാഷാപോഷിണി-1996)

മണ്ണുടൽ


പട്ടാമ്പി പാലത്തിൽനിന്ന്
താഴേക്ക് നോക്കിയാൽ കാണാം
മലർന്നടിച്ചു കിടക്കുന്ന നിളയെ.

ദൂരെ മണൽപ്പരപ്പിൽ
വെയിൽകായുന്ന പുടവ.
ഒഴുക്കിൻ ഓർമ്മപ്പെരുക്കം പോൽ
പിണഞ്ഞാർക്കും ചികുരം.
കിളിച്ചാർത്തുകൾ അലുക്കിട്ട
അരഞ്ഞാൺ വട്ടം.
ആകാശത്തേക്ക് തുറന്നുവച്ച അഭിമാനം.
ഒരു കൂസലുമില്ലാത്ത കിടപ്പ്.

പണ്ട് ഇത്തരം കിടപ്പുകൾക്ക്
നാട്ടുമനസ്സിന്റെ നേർമയും
കവിപ്പാട്ടിന്റെ  വർണകംബളവും
പുതപ്പാകുമായിരുന്നു;
നിറഞ്ഞു കവിയുമ്പോഴും
നുരഞ്ഞു പൊന്തുമ്പോഴും.

ചില നേരങ്ങളിൽ
ഓരപ്പൊന്തയിലെ കിളിച്ചാർത്തുകൾ
കൂക്കിയുണർത്തുമായിരുന്നു.
വെയിൽ നുള്ളി പൊന്നെടുക്കുമായിരുന്നു.
മഴ ഇക്കിളിപ്പെടുത്തുമായിരുന്നു.

ഇന്നതെല്ലാം പോയി.
ഇരമ്പുന്ന വാഹനങ്ങളിൽനിന്ന്
ഏന്തിവലിഞ്ഞ നോട്ടങ്ങൾ.
കുരുത്തക്കേടിന്റെ കുപ്പിച്ചില്ലേറുകൾ.
 കവിച്ചാർത്തുകൾ ചത്തുതൂങ്ങുന്ന
വൈദ്യുതക്കമ്പികൾ.
കോരിക്കോരി കുടിച്ചിട്ടും
തീരാത്ത ദാഹങ്ങൾ.

യന്ത്രമാനവന്മാരുടെ
 നീണ്ടുനീണ്ടുവരുന്ന കൈകൾ
പ്രിയ നിളേ നിന്നെ
കോരിയെടുത്തു മറയുന്നു.
പകച്ച് നോക്കും കാട്ടുപൊന്തകൾക്കങ്ങേപ്പുറം
ഉദ്ധൃതാവേശം പൊന്തുന്നോട്ടുകമ്പനിക്കുഴൽ.

തോറ്റുപോകുന്നൂ വാക്ക്,ജയിപ്പൂ കൊതിപ്പട.

ഒഴുക്കിന്നോർമ്മപ്പാടീ മണലിൽ കുറിച്ചത്
വിധിയോ, ചതിപ്പാട്ടിന്നീണത്തിൻ വെയിൽച്ചീളോ?