ടോയ്ലറ്റിലെ സ്വകാര്യതപോലെ
നിന്നെ എനിക്ക് ഇഷ്ടമാണ്.
കിണറിന്റെ ആഴവും വൃക്ഷഛായയും
ഉറിയിൽ ഉറഞ്ഞിരിക്കുന്ന
ഉപ്പുനീരും പോലെ
നമ്മുടെ സ്നേഹം.
നമ്മുടെ വീട്:
എത്രസുന്ദരമുദാരം വരൂ
എന്ന്
ഇറയം വിളിക്കിലും,
പഴുതിൽ താക്കോലിടുമ്പോൾ
എപ്പൊഴും സംശയം;
ഇടതോ?വലതോ?
സ്വീകരണമുറിയിലെ നാൽക്കാലികൾ
ഇല്ലാത്ത കണ്ണുകൊണ്ടു
തുറിച്ചു നോക്കും.
പെട്ടിതുറക്കുമ്പോൾ ചിത്രഗീതം,
കൂൺകൃഷി,കീടനാശിനി,
പുതിയ കുളിസോപ്പ്,ഈങ്ക്വിലാബ്.
ടോയ്ലറ്റിന്റെ വാതിൽതുറന്നാൽ
യൂറോപ്പ് കാണാം.
വായനമുറിയിൽ ഫ്രാൻസും
ജർമനിയിം അയൽക്കാർ
കിച്ചണിലെപ്പോഴും വിദേശികളുടെ
തിരക്ക്
ഇന്ത്യയെവിടെയെന്നതാണ്
ചോദ്യം.
നമ്മുടെ കിടപ്പുമുറി:
ക്രൗര്യസന്തുഷ്ടം കളിമുറ്റം
കിടപ്പുമുറിയിൽ നമുക്ക്
സിംഹവും പുലിയും കളിക്കാം
നമുക്കെങ്കിലും കഴുതപ്പുലികൾ
ജനിക്കരുത്.
നമ്മുടെ അയൽക്കാർ;പാവം
അപരിചിതർ
അവരുടെ കുട്ടികൾ;പേരറിയാത്തവർ
അവരുടെ കളിപ്പാട്ടംആപ്പിളും
ഗണ്ണും സ്കൈലാബും
അവർ മുള്ളുന്നത്;നമ്മുടെ
കിടപ്പറയിലേക്ക്.
നാമയയ്ക്കുന്ന പ്രാവ്
ഒരിലയും കൊത്താതെ മടങ്ങുന്നു.
കൈവെള്ളയിൽ പാതാളം തേടുന്ന
ഭാഗ്യരേഖ
വേനൽപ്പുറത്ത് വിരുന്നുവരുന്ന
പാദങ്ങൾ
സമാധിനഷ്ടമാകുന്ന നമ്മുടെ
വീട്.
എങ്കിലും നമ്മൾ സ്നേഹിക്കുന്നു.
മുഖത്ത് ഉരുണ്ടുകൂടുന്ന
മെഴുക്കുപോലെ
നിന്നെ ഞാൻ അറിയുന്നു.
(ഭാഷാപോഷിണി-1996)
No comments:
Post a Comment